ആരോഗ്യകിരണം
പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം(RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാരോഗങ്ങള്‍ക്കും(OP/IP) ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാവുന്നതാണ്
2022 നവംബര്‍ 1 മുതല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ആരോഗ്യകിരണം പദ്ധതി നടപ്പാക്കുന്നത്.
ഗുണഭോക്താക്കള്‍
- ഒരു വയസ്സു മുതല്‍ പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍.
- മാതാപിതാക്കള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ, ആദായനികുതി ദായകരോആകാന്‍ പാടില്ല.
- ഒരു വയസ്സുവരെ കുട്ടികളുടെ ചികിത്സ JSSK സ്കീമില്‍ ഉള്‍പ്പെടുന്നതാണ്.
ചികിത്സ
- പദ്ധതിയില്‍ വരുന്ന OP സേവനങ്ങള്‍ക്കായി പ്രത്യേകം OP പോര്‍ട്ടലും IP സേവനങ്ങള്‍ക്കായി ABPMJAY TMS പോര്‍ട്ടലുമാണ് ഉപയോഗിക്കുന്നത്.
- ഗുണഭോക്താവ് ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ ആദ്യം ആ കുടുംബം ABPMJAY പദ്ധതിയില്‍ ഉള്‍പ്പെട്ടിണ്ടോ എന്ന് പരിശോധിക്കണം. ആയതിനു ശേഷം ടി കുടുംബം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ, ആദായനികുതി ദായകരോ ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ആരോഗ്യകിരണം സ്കീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
