ഗുരുതരമായ ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും അനുബന്ധ സേവനങ്ങളായ ഓഡിറ്ററി വെർബൽ തെറാപ്പി, കോക്ലിയാർ ബാഹ്യ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, സ്പീച്ച് പ്രോസസ്സർ അപ്ഗ്രഡേഷൻ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ശ്രുതിതരംഗം’.

2012-ൽ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി ആദ്യഘട്ടത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSSM) വഴിയാണ് നടപ്പിലാക്കിയത്. പൊതുധനസഹായത്തോടെ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ ആനുകൂല്യ പദ്ധതികൾ ഒരു കുടക്കീഴിൽ നടപ്പിലാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി, 2023–24 മുതൽ പദ്ധതി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരം നടപ്പിലാക്കിവരുന്നു. പദ്ധതിയിലൂടെ എംപാനൽ ചെയ്ത ആശുപത്രികൾ വഴി കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും അനുബന്ധ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ശ്രുതിതരംഗം പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം, 3 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് സാധാരണഗതിയിൽ ശസ്ത്രക്രിയാ സേവനം ലഭ്യമാകുന്നത്. എന്നിരുന്നാലും, 3 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്കും, സംസാരശേഷി കൈവന്നതിന് ശേഷം ഉണ്ടാകുന്ന ഗുരുതര ശ്രവണ വൈകല്യമുള്ളവർക്ക് 12 വയസ്സ് വരെയും, മെനിഞ്ചൈറ്റിസ് ബാധമൂലമുണ്ടാകുന്ന ഗുരുതര ശ്രവണ വൈകല്യമുള്ളവർക്ക് പ്രായഭേദമെന്യേയും പദ്ധതിയുടെ സാങ്കേതിക സമിതിയുടെ പ്രത്യേക അംഗീകാരത്തോടുകൂടി ശസ്ത്രക്രിയാ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യമായ അനുബന്ധ സേവനങ്ങളായ സ്പീച്ച് പ്രോസസ്സർ അപ്ഗ്രഡേഷൻ (25 വയസ്സ് വരെ, ഒരു തവണ), കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങളുടെ പരിപാലന സേവനങ്ങളും ഗുണഭോക്താക്കൾക്ക് പദ്ധതിപ്രകാരം ലഭ്യമാണ്.
കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആശ്രിതർ, ആദായനികുതിദായകർ എന്നിവരൊഴികെ മേൽപ്പറഞ്ഞ ഗുണഭോക്തൃ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശീയരായ എല്ലാവർക്കും പദ്ധതി സേവനങ്ങൾ ലഭ്യമാണ്.

പദ്ധതി പ്രകാരം കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ, ഉപകരണങ്ങളുടെ പരിപാലനം, പ്രോസസ്സർ അപ്ഗ്രഡേഷൻ എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ലഭിക്കുന്നതിനായി പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികൾ മുഖാന്തിരമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമുകൾ പ്രസ്തുത ആശുപത്രികളിൽ നിന്ന് സൗജന്യമായി ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം അതത് ആശുപത്രികളിൽ സമർപ്പിക്കണം. തുടർന്ന് ആശുപത്രി അപേക്ഷകൾ പരിശോധിക്കുകയും ആവശ്യമായ വിലയിരുത്തലുകൾക്ക് ശേഷം സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്ക് സമർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് പദ്ധതിയുടെ സാങ്കേതിക സമിതി അപേക്ഷകൾ വിലയിരുത്തി പദ്ധതി മാനദണ്ഡങ്ങൾക്കനുസൃതമായി അംഗീകാരം നൽകുന്നു. അംഗീകരിക്കപ്പെടുന്ന അപേക്ഷകൾക്ക് പദ്ധതിപ്രകാരമുള്ള പണരഹിത സേവനങ്ങൾ എംപാനൽ ചെയ്ത ആശുപത്രികൾ മുഖാന്തിരം ലഭ്യമാക്കുന്നതാണ്. അപേക്ഷയുടെ അംഗീകാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തപാൽ മാർഗം അപേക്ഷകനെ അറിയിക്കുന്നതാണ്.

27-06-2023-ലെ GO(Rt) No.1530/2023/H&FWD പ്രകാരം രൂപീകരിച്ച സംസ്ഥാനതല സാങ്കേതിക സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിനും അപേക്ഷകളുടെ പരിശോധനയ്ക്കും ആവശ്യമായ സാങ്കേതിക മാർഗനിർദേശങ്ങൾ നൽകുന്നതിനും ഉത്തരവാദിത്തമുള്ളത്.

ക്രമ നമ്പർ ചുമതല ഉദ്യോഗസ്ഥൻ
1 കൺവീനർ ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്), സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, കേരളം
2 അംഗം സ്റ്റേറ്റ് നോഡൽ ഓഫീസർ, ചൈൽഡ് ഹെൽത്ത്, നാഷണൽ ഹെൽത്ത് മിഷൻ, കേരളം
3 വിദഗ്ധ അംഗം  ഇ.എൻ.ടി. വകുപ്പ്, സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം – എച്ച്.ഒ.ഡി./അസിസ്റ്റന്റ് പ്രൊഫസർ (ഓഡിയോളജി), ഓഡിയോളജിസ്റ്റ്
4 വിദഗ്ധ അംഗം ഇ.എൻ.ടി. വകുപ്പ്, സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം – എച്ച്.ഒ.ഡി./അസിസ്റ്റന്റ് പ്രൊഫസർ (ഓഡിയോളജി), ഓഡിയോളജിസ്റ്റ്
5 വിദഗ്ധ അംഗം ഇ.എൻ.ടി. വകുപ്പ്, സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട് – എച്ച്.ഒ.ഡി./അസിസ്റ്റന്റ് പ്രൊഫസർ (ഓഡിയോളജി), ഓഡിയോളജിസ്റ്റ്
6 വിദഗ്ധ അംഗം ഡോ. സി. ജോൺ പനിക്കർ, ഗുഡ് ഹെൽത്ത് ഇ.എൻ.ടി. സെന്റർ, തിരുവനന്തപുരം
7 വിദഗ്ധ അംഗം ഡോ. മനോജ്, മാനേജിംഗ് ഡയറക്ടർ, ഡോ. മനോജ്സ് ഇ.എൻ.ടി. സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ, കോഴിക്കോട്
8 വിദഗ്ധ അംഗം ഓഡിയോളജിസ്റ്റ്, NISH, തിരുവനന്തപുരം

01-07-2024-ലെ G.O.(Rt.) No.1580/2024/H&FWD പ്രകാരം രൂപീകരിച്ച സംസ്ഥാന എംപാനൽമെന്റ് കമ്മിറ്റിയാണ് ശ്രുതിതരംഗം പദ്ധതിയിലേക്ക് പുതിയ ആശുപത്രികളെ എംപാനൽ ചെയ്യുന്നതിനുള്ള സാങ്കേതിക പരിശോധനയും മൂല്യനിർണയവും നിർവഹിക്കുന്നത്.

പദ്ധതിയിൽ നിലവിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികള്‍ ((for more details, pls click here)

1. ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം
2. ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം
3. ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്
4. അസന്റ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ, മലപ്പുറം
5. ഡോ മനോജ്‍’സ് ഇഎൻടി ആശുപത്രി, കോഴിക്കോട്
6. ഡോ നൗഷാദ്‍’സ് ഇഎൻടി ആശുപത്രി, എറണാകുളം
7. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം
8. കിംസ് ഹെല്‍ത്ത്, തിരുവനന്തപുരം
9. ബേബി മെമ്മോറിയൽ ആശുപത്രി,കോഴിക്കോട്
10. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ,എറണാകുളം
11. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), തിരുവനന്തപുരം (ഓഡിയോ വെർബൽ തെറാപ്പി)